വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20130118

ലളിത ജീവിതത്തിലൂടെ വിലക്കയറ്റത്തിന് മൂക്ക് കയറിടാം;എങ്ങനെ?



പെട്രോള്‍ വിലയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ കുതിപ്പുണ്ടായതോടെ ആശങ്കയുടെ മുള്‍മുനയിലാണ് ജനം. ഉപ്പുതൊട്ടു കര്‍പ്പൂരം വരെയുള്ള സാധനങ്ങളുടെ വിലയ്ക്ക് തീപിടിക്കാന്‍ തുടങ്ങിയിരിക്കുന്നു. മീറ്റര്‍ സൂചി അതിന്റെ വഴിയേയും ഓട്ടോറിക്ഷ അതിനിഷ്ടപ്പെട്ട മാര്‍ഗ്ഗത്തിലൂടെയും ഓടാന്‍ തുടങ്ങി. ഹോട്ടലുകളിലെ വിലവിവരപ്പട്ടികകള്‍ അപ്രത്യക്ഷമായി. കാര്‍ഷികോല്‍പന്നങ്ങളുടെ വിലയിടിവുമൂലം കര്‍ഷക ആത്മഹത്യ തുടര്‍ക്കഥയായി മാറിയ കേരളത്തില്‍ ഇനി വിലകക്കയറ്റം സൃഷ്ടിക്കുന്ന പുകിലുകള്‍ എന്തൊക്കെയാണെന്നു കണ്ടറിയണം. എങ്ങനെ ജീവിക്കും? ഈ ചോദ്യമാണ് ഇന്ന് എവിടെത്തിരിഞ്ഞാലും കേള്‍ക്കാനുള്ളത്. മനുഷ്യജീവിതം എക്കാലത്തും പ്രതിസന്ധികളിലൂടെ കടന്നുപോയിട്ടുണ്ട്. ഒരുകാലത്ത് പ്രകൃതിദുന്തങ്ങളും ക്ഷാമവുമായിരുന്നെങ്കില്‍ വേറൊരിക്കല്‍ മാറാവ്യാധികള്‍. ആധുനികശാസ്ത്ര നേട്ടങ്ങള്‍ ഈ പ്രശ്നങ്ങള്‍ക്കെല്ലാം ഒരു പരിധിവരെ പരിഹാരം കണ്ടെത്തിക്കഴിഞ്ഞു. പുതിയ കാലത്തിന് ക്ഷാമവും രോഗവും ഭീഷണിയല്ലാതായിരിക്കുന്നു. ഇനി വിലക്കയറ്റം സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെ മറികടക്കാനുള്ള വഴികളാണ് നാം തേടേണ്ടത്. കേരളം പണ്ടേ ഒരു ഉപഭോക്തൃ സംസ്ഥാനമാണല്ലോ. വിദേശാധിപത്യകാലം മുതല്‍തന്നെ കേരളീയര്‍ വാങ്ങാന്‍ താല്‍പ്പര്യമുള്ളവരാണ്. വിലപിടിപ്പുള്ള വെള്ളിക്കിണ്ടിയും ഓട്ടുകിണ്ടിയും വിദേശിക്ക് ചുളുവിലയ്ക്ക് കൊടുത്തിട്ട് ഗ്ളാസുകൊണ്ടുള്ള കിണ്ടി പൊന്നുംവിലയ്ക്കു വാങ്ങിയ രാജാക്കന്മാരുള്ള നാടാണ് ഇത്. ഈ പാരമ്പര്യത്തിന് ഇന്നും വലിയ വ്യത്യാസമൊന്നും വന്നിട്ടില്ല. എന്തൊക്കെ ഇറക്കുമതി ചെയ്യാന്‍ പറ്റുമോ അതെല്ലാം വരുത്തി വാങ്ങുന്ന സംസ്കാരം നാം എങ്ങനെയോ പഠിച്ചു. നമ്മുടെ മണ്ണ് കുറുക്കുവഴിയില്‍ക്കൂടി പണമുണ്ടാക്കാനുള്ള വിത്തുകള്‍ മാത്രം മുളപ്പിക്കുന്നതായി മാറി. മനുഷ്യന്റെ അടിസ്ഥാന സൌകര്യങ്ങളായ ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം എന്നീ മൂന്നു കാര്യങ്ങള്‍ മാത്രം നേടുക എന്നതല്ല പുതിയ തലമുറയുടെ ജീവിതലക്ഷ്യം. എല്ലാം ആര്‍ഭാടമാക്കുക, അതുവഴി സമൂഹത്തില്‍ ഞെളിഞ്ഞുനടക്കുക. ഇതിനെയാണ് അതിമോഹം എന്നു പറയുന്നത്. കടിഞ്ഞാണില്ലാതെ പായുന്ന ഈ അതിമോഹത്തെ പിടിച്ചുകെട്ടിയാല്‍ വിലക്കയറ്റത്തെ ഭയക്കേണ്ടി വരില്ല. ജീവിതത്തെക്കുറിച്ച് ആശങ്കപ്പെടുകയും വേണ്ട. വിലക്കയറ്റം സാധാരണക്കാരന്റെ ജീവിതത്തെയാണ് ഏറ്റവും കൂടുതല്‍ ബാധിക്കുക. ആത്മഹത്യ ചെയ്യുന്ന കര്‍ഷകരുടെ കണക്കുകള്‍ പരിശോധിച്ചാല്‍ വ്യക്തമാകുന്നത് ദരിദ്രരേക്കാള്‍ സാമ്പത്തികപ്രതിസന്ധി നേരിടുന്നത് ഇവരാണെന്നാണ്. കാരണം ദരിദ്രന്റെ മനസില്‍ ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം എന്നീ സ്വപ്നങ്ങളേയുള്ളൂ. അതു നേടിയെടുക്കാന്‍ ഇന്നത്തെ കേരളീയ സാഹചര്യത്തില്‍ വലിയ പ്രയാസവുമില്ല. തൊഴിലുറപ്പു പദ്ധതിപോലുള്ള ദാരിദ്യ്രനിര്‍മ്മാര്‍ജ്ജന പദ്ധതികളും വിവിധ ഭവനപദ്ധതികളും ദരിദ്രനെ സംരക്ഷിക്കുന്നുണ്ട്. എന്നാല്‍ സാധാരണക്കാരന്റെ സ്ഥിതി അതല്ല. സ്വര്‍ണ്ണത്തിന് വില കുതിച്ചുയരുമ്പോള്‍ ഓരോ കുടുംബനാഥന്മാരുടെയും മനസില്‍ തീയെരിയുകയാണ്. വീടും വിവാഹവുമാണ് ഇന്ന് സാധാരണക്കാരന്റെ കണക്കുകൂട്ടലുകള്‍ പിഴപ്പിക്കുന്നത്. നാലുകൂട്ടം പായസം വിളമ്പുന്ന വിവാഹസദ്യക്ക് ഒരു ലക്ഷം, രണ്ടായിരം പേര്‍ക്ക് ഇരിക്കാവുന്ന കല്യാണമണ്ഡപത്തിന് ഒരു ലക്ഷം, മുപ്പതു പവന്‍ സ്വര്‍ണത്തിന് ആറു ലക്ഷം....ചുരുക്കത്തില്‍ പത്തു ലക്ഷം രൂപയില്ലാതെ ഒരു സാധാരണക്കാരന് ഒരു പെണ്‍കുട്ടിയുടെ വിവാഹം നടത്താനാവില്ല. രണ്ടു മുറികളുള്ള ഒരു സാധാരണ വാര്‍ക്ക വീട് പണിതീരുമ്പോഴേക്കും പത്തു ലക്ഷം കവിയും. എന്നാല്‍ മലയാളി ഇതെല്ലാം എങ്ങനെയൊക്കെ നേടുന്നുണ്ടെന്നുള്ളത് ഒരു യാഥാര്‍ഥ്യമാണ്. ഒപ്പം സാമ്പത്തിക പ്രതിസന്ധിയും ആത്മഹത്യയും പുതുമയില്ലാത്ത വാര്‍ത്തയാവുകയും ചെയ്യുന്നു. ലാളിത്യം എന്ന പരിഹാരം ലളിതജീവിതത്തിലൂടെ ജീവിതത്തിലെ സാമ്പത്തികപ്രതിസന്ധികളെ മറികടക്കാനാകും. അതിനു പട്ടിണി കിടക്കുക എന്നല്ല അര്‍ത്ഥം. പിശുക്കുക എന്നും അര്‍ത്ഥമില്ല. അത്യാഗ്രഹങ്ങള്‍ക്ക് അതിരു നിശ്ചയിച്ചാല്‍ മാത്രം മതി. ഋഷിവര്യന്മാരും പ്രവാചകന്മാരും എല്ലാം ഏറ്റവും ലളിതമായ മാതൃകാജീവിതമാണ് നമുക്കു കാണിച്ചുതന്നിട്ടുള്ളത്.എന്നിട്ടും നമുക്കിഷ്ടം സുഖലോലുപതയാണ്. ആഢംബരജീവിതമാണ് നാം സ്വപ്നം കാണുന്നത്. ഇവിടെയാണ് നമുക്കു പിഴയ്ക്കുന്നതും. ആര്‍ഭാടം കുറയ്ക്കുക എന്നു പറഞ്ഞാല്‍ വിലകുറഞ്ഞ വസ്ത്രം ധരിക്കുകയോ, മോശം ഭക്ഷണം കഴിക്കുകയോ അല്ല. അത്യാവശ്യം, ആവശ്യം, അനാവശ്യം എന്നിവ തിരിച്ചറിഞ്ഞു ജീവിക്കലാണ്. മിതവ്യയത്തിലൂടെ ഏതൊരാള്‍ക്കും ആര്‍ഭാടം കുറയ്ക്കാനാവുന്നതേയുള്ളൂ. വസ്ത്രങ്ങളും ആഭരണങ്ങളും വീടുമൊക്കെ ആവശ്യത്തിനു മാത്രമേ ആകാവൂ. അധികമായാല്‍ അതു പ്രകടനമാവും. മനസില്‍ ന്യൂനതാബോധം ഉള്ളവരാണ് അതു മറയ്ക്കുന്നതിനായി ഇത്തരം പ്രകടനങ്ങള്‍ നടത്തുന്നത്. ജാതികോംപ്ളക്സ്, സൌന്ദര്യകോംപ്ളക്സ് എന്നിവ ഉദാഹരണം. സ്വന്തം കഴിവുകള്‍ മാനവനന്മയ്ക്കായി ഉപയോഗിച്ചുകൊണ്ടാണ് മഹാന്മാര്‍ അനശ്വരരായത്. കഴിവുകള്‍ തെളിയിക്കുന്നത് സ്വന്തം പ്രതിഭ തെളിയിച്ചുകൊണ്ടായിരിക്കണം. അതല്ലെങ്കില്‍ സാമൂഹ്യനന്മ ചെയ്തുകൊണ്ട്. എങ്കില്‍ നിങ്ങള്‍ക്ക് ഒരിക്കലും ജീവിതത്തിലെ പ്രതിസന്ധികളെക്കുറിച്ചോര്‍ത്ത് ആശങ്കപ്പെടേണ്ടി വരില്ല. ഉപഭോഗസംസ്കാരത്തിന് വിട ഈയിടെ ഒരു ഇംഗ്ളീഷ് മാഗസിനില്‍ ഞെട്ടിക്കുന്ന ഒരു വാര്‍ത്ത വന്നിരുന്നു. ലാപ്ടോപ്പും 3-ജി മൊബൈല്‍ സെറ്റുമൊക്കെ സ്വന്തമാക്കാനായി യുവാക്കള്‍ തങ്ങളുടെ കിഡ്നി വില്‍ക്കുന്നു എന്ന്. സ്വന്തം ശരീരത്തേക്കാളേറെ അവര്‍ക്കിഷ്ടം കമ്പോളവസ്തുക്കളോടാണ്. എത്രമാത്രം വികലമായ ഒരു കാഴ്ചപ്പാടാണ് ഇത് എന്നാലോചിച്ചു നോക്കൂ. ജീവിക്കുന്നെങ്കില്‍ അത് ആര്‍ഭാടമായിട്ടായിരിക്കണം. അല്ലെങ്കില്‍ ജീവിതം വേണ്ട എന്നതാണ് ഇത്തരക്കാരുടെ കാഴ്ചപ്പാട്. ജീവിതത്തെക്കുറിച്ചുള്ള അന്ധമായ കാഴ്ചപ്പാടാണ് ഇതിനൊക്കെ കാരണം. നീറ്റിലെ പോളപോലെ ക്ഷണികമാണീ ജീവിതമെന്ന് എത്ര കവികള്‍ നമ്മെ ഓര്‍മ്മപ്പെടുത്തിയിരിക്കുന്നു. ലാളിത്യം ഒരു ജീവിതദര്‍ശമാണ്. മിതവ്യയം എന്നതുപോലെ പെരുമാറ്റത്തിലും ലാളിത്യം വേണം. 'താണനിലത്തേ നീരോടൂ' എന്നു പറയുന്നതിലെ അര്‍ത്ഥം എത്രമേല്‍ ആഴമുള്ളതാണെന്നു ചിന്തിച്ചുനോക്കൂ. ലളിതജീവിതം നയിക്കുന്നവര്‍ക്ക് ഒന്നിനെക്കുറിച്ചും ആശങ്കപ്പെടേണ്ടതില്ല. സ്വര്‍ണത്തിനു വിലകൂടിയാല്‍ അതവരെ ബാധിക്കുകയില്ല. കേവലം ക്ഷണികമായ ഈ ജീവിതത്തില്‍ ഇത്തിരി നേരം മരണത്തണലില്‍ വിശ്രമിക്കുന്ന നമുക്ക് എന്തിനാണ് 500 വര്‍ഷം ഈടു നില്‍ക്കുന്ന ആഢംബര വീടുകള്‍? എല്ലാവരുടേയും ആവശ്യത്തിനുള്ളത് ഭൂമിയിലുണ്ട്. പക്ഷേ, അത്യാഗ്രഹത്തിനുള്ളതില്ല എന്ന് ഗാന്ധിജി പറഞ്ഞിട്ടുള്ളത് എത്ര ശരിയാണ്. ഉല്‍ക്കണ്ഠ എന്നത് ഉറക്കം, ആരോഗ്യം, ആയുസ് എന്നിവയ്ക്കെല്ലാം വിലങ്ങുതടിയാണ്. നാളയെക്കുറിച്ചുള്ള അമിത ഉല്‍ക്കണ്ഠയാണ് ആര്‍ത്തിപിടിച്ച സമ്പാദ്യത്തിലേക്കു പലരേയും നയിക്കുന്നത്. സമ്പാദിക്കാനും സാധനങ്ങള്‍ വാങ്ങിക്കൂട്ടാനുമായി സമയം ചെലവഴിക്കുന്നതിനു പകരം നല്ല ബന്ധങ്ങള്‍ ഉണ്ടാക്കുന്നതിനും ജീവിക്കുന്ന ചുറ്റുപാടിനുവേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യാനും കഴിഞ്ഞാല്‍ രണ്ടോ മൂന്നോ അതിലേറെയോ തലമുറകള്‍ നിങ്ങളെ ഓര്‍ക്കും. ഇന്നത്തെ കുട്ടികളോടു ചോദിച്ചാല്‍ പലര്‍ക്കും സ്വന്തം അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും പേരുപോലും അറിയില്ല. തലമുറകളെയോര്‍ത്ത് സമ്പാദിക്കാന്‍ മാത്രം ജീവിച്ചവരുടെ ദുരവസ്ഥയാണിത്. ലാളിത്യത്തിന്റെ സമവാക്യങ്ങളാണ് മഹാന്മാരുടെ ജീവിതം. അതില്‍നിന്നു പാഠങ്ങള്‍ ഉള്‍ക്കൊള്ളുന്നവര്‍ക്ക് ലളിതജീവിതത്തിന്റെ അര്‍ത്ഥവും സുഖവും ശാന്തിയും എന്താണെന്ന് മനസിലാവും.

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍