തിരുവാതിരദിനം തിരുവാതിരക്കളി കൈയാങ്കളിയായി
തൃശ്ശൂര്‍: കേരളോത്സവത്തിന്റെ ഭാഗമായി തിരുവാതിരദിവസം അരങ്ങേറിയ തിരുവാതിരക്കളി വാക്കേറ്റത്തിലും പ്രതിഷേധത്തിലും കലാശിച്ചു. വിധികര്‍ത്താക്കളുടെ പക്ഷപാതിത്വത്തില്‍ പ്രതിഷേധിച്ച് ഫലപ്രഖ്യാപനം കഴിഞ്ഞയുടനെ നിരവധി ടീമുകള്‍ വേദിയിലേക്കു ഇരച്ചുകയറി. വിധികര്‍ത്താക്കള്‍ വിശദീകരണം നല്‍കാതെ അടുത്ത പരിപാടി തുടങ്ങാന്‍ അനുവദിക്കില്ലെന്നും ഇവര്‍ പറഞ്ഞു. ഒടുവില്‍ സമ്മാനംപോലും വാങ്ങാന്‍ നില്‍ക്കാതെ പല ടീമുകളും മടങ്ങി.
വെള്ളിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെ തേക്കിന്‍കാട് മൈതാനിയിലെ പ്രധാന വേദിയിലായിരുന്നു പ്രശ്‌നം. തിരുവാതിരക്കളി സമാപിച്ചയുടനെ എറണാകുളം ടീമാണ് പ്രതിഷേധത്തിന് തുടക്കമിട്ടത്. ഇവര്‍ വേദിയിലേക്ക് കയറി. പിറകെ കണ്ണൂരും മറ്റു ടീമുകളും എത്തി. തുടര്‍ന്ന് സംഘാടകര്‍ അനുനയിപ്പിച്ച് ടീമുകളെ വേദിയില്‍നിന്ന് താഴെ ഇറക്കുകയായിരുന്നു. ഇതിനിടെ ആസ്വാദകരായ ചിലരും ഇവര്‍ക്കനുകൂലമായി ഇടപെട്ടു.
വേദിയില്‍നിന്ന് ഇറങ്ങിയെങ്കിലും എറണാകുളം ടീമിന്റെ നേതൃത്വത്തില്‍ പ്രതിഷേധം ശക്തമായി. ഒന്നാംസമ്മാനം ലഭിച്ച തൃശ്ശൂര്‍ ടീം മോഹിനിയാട്ടം ശൈലിയിലാണ് തിരുവാതിരക്കളി അവതരിപ്പിച്ചതെന്നും എല്ലാത്തിനും ഒന്നാംസ്ഥാനം തൃശ്ശൂരിനു നല്‍കുകയാണ് സംഘാടകര്‍ ചെയ്യുന്നതെന്നും ഇവര്‍ ആരോപിച്ചു. തൃശ്ശൂരിന് എന്തുകൊണ്ട് ഒന്നാംസ്ഥാനം നല്‍കിയെന്ന് വിധികര്‍ത്താക്കള്‍ വിശദീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. വിജയികളെ പ്രഖ്യാപിക്കുമ്പോള്‍ വിധികര്‍ത്താക്കള്‍ മത്സരം വിലയിരുത്തി സംസാരിക്കുകയോ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുകയോ ചെയ്തിരുന്നില്ല. ഇതും പ്രതിഷേധത്തിനിടയാക്കി.
വിധികര്‍ത്താക്കളെ നിശ്ചയിച്ചതില്‍ യാതൊരു പാകപ്പിഴയും ഉണ്ടായിട്ടില്ലെന്നും പരാതിയുള്ളവര്‍ക്ക് അപ്പീല്‍ നല്‍കാമെന്നുമായിരുന്നു സംഘാടകരുടെ വിശദീകരണം. കേരളോത്സവത്തിന്റെ നടത്തിപ്പുചുമതല ജില്ലാപഞ്ചായത്തിനാണെങ്കിലും വിധികര്‍ത്താക്കളെ നിയമിക്കുന്നത് ഇവരല്ലെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, അപ്പീല്‍ കൊടുക്കാന്‍ എറണാകുളം ടീം തയ്യാറല്ലായിരുന്നു. വാക്കേറ്റം വര്‍ധിച്ചപ്പോള്‍ പോലീസും ഇടപെട്ടു. തുടര്‍ന്ന് കണ്ണൂര്‍ ടീമും എറണാകുളത്തോടൊപ്പം ചേര്‍ന്നു. ഇവര്‍ പിറകിലൂടെ വേദിയിലേക്ക് കയറാന്‍ ശ്രമം നടത്തിയത് വീണ്ടും പ്രശ്‌നങ്ങള്‍ക്കിടയാക്കി. പോലീസ് വന്ന് ഇവരെ ഇവിടെനിന്ന് നീക്കി. മൂന്നാംസ്ഥാനം നേടിയ എറണാകുളം ടീം സമ്മാനം വാങ്ങാന്‍ നില്‍ക്കാതെ മടങ്ങി
.
No comments:
Post a Comment