തിരുവനന്തപുരം: മലയാളസിനിമയുടെ മഹാനടന്മാരിലൊരാളായ തിലകന്‍ (77) അന്തരിച്ചു. പുലര്‍ച്ചെ 3.30-ന് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഒരു മാസമായി ചികിത്സയിലായിരുന്നു. മൃതദേഹം രാവിലെ 11-ന് വി.ജെ.ടി ഹാളില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. ശവസംസ്‌കാരം വൈകിട്ട് തൈയ്ക്കാട് ശാന്തികവാടത്തില്‍ നടക്കും.
200-ലധികം സിനിമകളില്‍ അഭിനയിച്ചു. യവനിക, പഞ്ചാഗ്നി, കാട്ടുകുതിര, നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, പഞ്ചവടിപ്പാലം, ഇരകള്‍, ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക്, മൂന്നാംപക്കം, യാത്ര, സ്ഫടികം, കിരീടം, നരസിംഹം, ഗോഡ്ഫാദര്‍, മണിച്ചിത്രത്താഴ്, മൂക്കില്ലാ രാജ്യത്ത് മുറിമൂക്കന്‍ രാജാവ്, സസ്‌നേഹം, കണ്ണെഴുതി പൊട്ടുംതൊട്ട്, വീണ്ടും ചില വീട്ടുകാര്യങ്ങള്‍, ഏകാന്തം, കിലുക്കം, ഇവിടം സ്വര്‍ഗമാണ്... എന്നിങ്ങനെ നൂറുകണക്കിന് മികച്ച വേഷങ്ങള്‍ തിലകന്‍ അഭിനയിച്ച് അമ്പരപ്പിച്ചിട്ടുണ്ട്.
1982 ല്‍ കെ.ജി.ജോര്‍ജിന്റെ യവനികയിലെ വേഷത്തിനും 1985 ല്‍ യാത്ര എന്ന സിനിമയിലെ അഭിനയത്തിനും മികച്ച സഹനടനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം ലഭിച്ചു. 1988 ലും 89 ലും 98 ലും മികച്ച സഹനടനുള്ള പുരസ്‌കാരം നേടിയ തിലകന്റെ അതിലും മികച്ച കഥാപാത്രങ്ങളായിരുന്നു പിന്നീട് പ്രേക്ഷകലോകം കണ്ടറിഞ്ഞത്.
1990 ല്‍ പെരുന്തച്ചനിലെ അഭിനയത്തിന് തിലകന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് തേടിയെത്തി. ദേശീയ പുരസ്‌കാരം കയ്യെത്തുംദൂരത്ത് വെച്ച് നഷ്ടപ്പെട്ടതും ഇതേ വേഷത്തിന് തന്നെ. 1994 ല്‍ ഗമനം, സന്താനഗോപാലം എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് വീണ്ടും മികച്ച നടനുള്ള പുരസ്‌കാരം നേടി.
2006 ല്‍ ഏകാന്തത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ജൂറിയുടെ ദേശീയ പ്രത്യേക പുരസ്‌കാരവും നേടി അദ്ദേഹം. 2006 ല്‍ ഫിലിം ഫെയര്‍ അവാര്‍ഡിന് അര്‍ഹനായ അദ്ദേഹത്തിന് അഞ്ചുതവണ ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡും ലഭിച്ചിട്ടുണ്ട്. 1998 ല്‍ തിക്കൊടിയന്‍ പുരസ്‌കാരവും തേടിയെത്തി.
ദേശീയ-സംസ്ഥാന തലത്തിലായി പന്ത്രണ്ടോളം ശ്രദ്ധേയമായ പുരസ്‌കാരങ്ങള്‍, നൂറുകണക്കിന് ചെറുതും വലുതുമായ അംഗീകാരങ്ങള്‍ എന്നിവ തിലകന്റെ മികവാണ് വ്യക്തമാക്കിത്തരുന്നത്.
മകന്‍ ഷമ്മി തിലകന്‍, ഡബ്ബിങ് ആര്‍ടിസ്റ്റായ ഷോബി തിലകന്‍ എന്നിവര്‍ ഉള്‍പ്പെടെ ആറ് മക്കളുണ്ട്. രണ്ടുതവണ വിവാഹിതനായി. ഭാര്യ സരോജം. മറ്റു മക്കള്‍-ഷാജി, ഷിബു, സോണിയ, സോഫിയ.
No comments:
Post a Comment