തൃശൂര്‍: തൃശൂര്‍ കേച്ചേരിയില്‍ മൂന്നു മണിക്കൂറോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ച ആന ഒരാളെ കുത്തിക്കൊന്നു. ബസ്സും ലോറിയും ഉള്‍പ്പടെ ഏഴ് വാഹനങ്ങള്‍ തകര്‍ത്തു. ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ 14 പേരില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. പാവറട്ടി മാളിയേക്കല്‍ വീട്ടില്‍ അലോഷ്യസാണ്(52) മരിച്ചത്. ഇയാളുടെ മൃതദേഹം കുന്നംകുളം ആസ്പത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കലിപൂണ്ട ആന കുത്തിമറിച്ചിട്ട ബസ്സിനടയില്‍ പെട്ട് സിംസണ്‍ എന്ന യുവാവിന് ഗുരുതരമായി പരിക്കേറ്റു. കൈയും കാലും ഒടിഞ്ഞ ഇയാളെ തൃശൂര്‍ അമല ആസ്പത്രിയില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി.
ആനയുടെ പാപ്പാന്‍ ചാവക്കാട് മുതുവെട്ട അസീബാണ് ഗുരുതരാവസ്ഥയില്‍ ആസ്പത്രിയില്‍ ചികിത്സയിലുള്ള മറ്റൊരാള്‍. അഞ്ച് വര്‍ഷമായി ഇടഞ്ഞ ആനയുടെ പാപ്പാനാണ് അസീബ്. കുറുപ്പത്ത് ശിവശങ്കരന്‍ എന്ന ആനയാണ് കേച്ചേരിയിലും സമീപപ്രദേശത്തും വ്യാഴാഴ്ച രാവിലെ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ഏഴ് മണിമുതല്‍ മൂന്നു മണിക്കൂറിനിടെ മൂന്നു വില്ലേജുകളിലൂടെ ആന ഓടി. കണ്ണില്‍ കണ്ടതെല്ലാം തകര്‍ത്തു.
കേച്ചരി, ആളൂപ്പാടം, മുഴുവഞ്ചേരി, എരനല്ലൂര്‍, പട്ടിക്കര റോഡ്, തലക്കോട്ടുക്കര, എന്നിവടങ്ങളിലൂടെ ഓടിയ ആനയെ മണലിയില്‍ വെച്ചാണ് ഒടുവില്‍ 10 മണിയോടെ തളച്ചത്. വെറ്റനറി ഡോക്ടര്‍മാരായ രാജീവ് ടി.എസ്, പി.വി ഗിരിദാസ് എന്നിവര്‍ മൂന്നു കിലോമീറ്ററോളം ആനയുടെ പിറകെ ഓടിയശേഷമാണ് മൂന്നു പ്രാവശ്യം മയക്കുവെടിവെച്ച് ഒടുവില്‍ തളച്ചത്. മൂന്നു മണിക്കൂര്‍ നീണ്ട താണ്ഡവത്തിനൊടുവില്‍ മണലിയില്‍ പണിതീരാത്ത വീട്ടിലേക്ക് ഓടിക്കയറിയ ആന അവിടെ കുടുങ്ങുകയും ഈ അവസരത്തില്‍ മയക്കുവെടിവെക്കുകയുമായിരുന്നു. കുന്നംകുളം, എരുമപ്പെട്ടി, പേരാമംഗലം സ്റ്റേഷനിലെ പോലീസുകാരും എം.എല്‍.എ ഉള്‍പ്പടെയുള്ള ജനപ്രതിനിധികളും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു.
ആളുകള്‍ തിങ്ങിനിറഞ്ഞ സ്വകാര്യ ബസ്സ്, ടിപ്പര്‍ ലോറി, ഗുഡ്‌സ് ഓട്ടോ, ട്രാവലര്‍, ജീപ്പ്, കാര്‍, രണ്ട് ബൈക്ക് എന്നിവയാണ് തകര്‍ക്കപ്പെട്ടത്. ബസ്സിനുള്ളിലുണ്ടായിരുന്നവരില്‍ കോരുക്കുട്ടി, പ്രിയങ്ക, ജാന്‍സി, സാബിക്, ഡേവിഡ്, സജിത, ഗ്രീഷ്മ, മാഗ്നസ് എന്നിവരാണ് പരിക്കേറ്റ് ചികിത്സയിലുള്‌ലത്.
രാവിലെ കുളിപ്പിക്കുന്നതിനിടെ ആന ഇടഞ്ഞത്. കുളികഴിഞ്ഞ് കരയിലേക്ക് കയറും വഴി എന്തോ കണ്ട് പേടിച്ച ആന ഓടുകയായിരുന്നുവെന്നാണ് പറപ്പെട്ടത്. ഏഴ് മണിയോടെയാണ് ആന ഇടഞ്ഞത്. മൂന്നു മണിക്കൂര്‍ നീണ്ട പാച്ചിലിനിടെ കണ്ണില്‍ കണ്ടതെല്ലാം ആന തകര്‍ത്തു. മൂന്നു വീടുകളും ഭാഗികമായി തകര്‍ന്നു.
No comments:
Post a Comment