ചാവക്കാട്: കടല്‍ക്ഷോഭം രൂക്ഷമായ കടപ്പുറം പഞ്ചായത്തിലെ അഞ്ചങ്ങാടി വളവില്‍ അടിയന്തരമായി താല്‍ക്കാലിക കടല്‍ഭിത്തി കെട്ടുന്നതിന് അഞ്ചുലക്ഷം രൂപ അനുവദിച്ചതായി ജില്ലാ കളക്ടര്‍ പി.ജി. തോമസ് പറഞ്ഞു. കടപ്പുറം പഞ്ചായത്തിലെ കടല്‍ക്ഷോഭ മേഖല സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം കടല്‍ക്ഷോഭം ഉണ്ടായ അഞ്ചങ്ങാടി വളവില്‍ വീടുകള്‍ നഷ്ടപ്പെട്ട നാല് കുടുംബങ്ങളെ തൊട്ടാപ്പിലുള്ള സുനാമി പുനരധിവാസ കേന്ദ്രത്തിലേക്ക് താല്‍ക്കാലികമായി മാറ്റി താമസിപ്പിക്കും.
താല്‍ക്കാലിക ഭിത്തിനിര്‍മാണം അടുത്ത ദിവസം തന്നെ ആരംഭിക്കുന്നതിന് ഇറിഗേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. 200 മീറ്റര്‍ ദൂരത്തില്‍ ഭിത്തി നിര്‍മിക്കുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്. സുനാമി പുനരധിവാസ വീടുകളില്‍ താമസിപ്പിക്കുന്നവര്‍ക്ക് ശുദ്ധജലവും വൈദ്യുതിയും നല്‍കുന്നതിന് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി. അതിനിടെ കടപ്പുറം സന്ദര്‍ശിക്കാനെത്തിയ ഡെപ്യൂട്ടി തഹസില്‍ദാരെയും ജനപ്രതിനിധികളെയും നാട്ടുകാര്‍ തടഞ്ഞു. പിന്നീട് പോലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്.
കളക്ടര്‍ക്കു പുറമെ ആര്‍ഡിഒ ഡോ. ജയശ്രീ, കെ.വി. അബ്ദുല്‍ഖാദര്‍ എം.എല്‍.എ, ജില്ലാപഞ്ചായത്ത് മെമ്പര്‍ വി.കെ. ഷാഹുല്‍ ഹമീദ്, ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് പൊറ്റയില്‍ മുംതാസ്, കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ഇക്ബാല്‍, ബ്ലോക്ക്പഞ്ചായത്ത് വൈസ്പ്രസിഡന്റ് പി.എം. മുജീബ്, പഞ്ചായത്ത് വൈസ്പ്രസിഡന്റ് കെ.എം. ഇബ്രാഹിം തുടങ്ങിയവര്‍ കടല്‍ക്ഷോഭമുണ്ടായ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. തഹസില്‍ദാര്‍ കെ. മൂസക്കുട്ടി തുടങ്ങി റവന്യൂ-വൈദ്യുതി-ജലസേചന വകുപ്പ് ഉദ്യോഗസ്ഥരും കടല്‍ക്ഷോഭ മേഖല സന്ദര്‍ശിച്ചു. പഞ്ചായത്ത് ഓഫീസില്‍ നടന്ന യോഗത്തില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു. കടല്‍ക്ഷോഭം രൂക്ഷമായ മേഖലകളില്‍ കടല്‍ഭിത്തി കെട്ടുന്നതിന് മുന്‍ഗണന നല്‍കുന്നതിനും തീരുമാനമായി.
No comments:
Post a Comment